2021 ജനുവരി 15, വെള്ളിയാഴ്‌ച

അനാഥ വാർദ്ധക്യം

അയാൾ ധൃതിപ്പെട്ടു കാറിനടുത്തേയ്ക്കു നടന്നു. എത്രയും പെട്ടെന്ന് ഇവിടെനിന്നു പോകണം.

പെട്ടെന്നാണ് നടപ്പാതയുടെ ഓരത്തുനിന്ന്,

"തുളസികതിര്നുള്ളിയെടുത്ത്

കണ്ണന്നൊരു മാലക്കായ്

പൊട്ടാത്ത നൂലില്കെട്ടി

എന്നെന്നും ചാര്‍ത്താം ഞാന്‍"

എന്ന് ആരോ തളർന്ന ശബ് ദത്തിൽ പാടുന്നതു കേട്ടത്. ധൃതിക്കിടയിലും ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല.  ഒരു 70-75 വയസ്സു കാണും. പാറിപ്പറന്ന നരച്ച മുടി, ചുക്കിച്ചുളിഞ്ഞ ശരീരം, മുഷിഞ്ഞു കീറിയ വസ്ത്രങ്ങൾ, അടുത്തൊരു ഊന്നുവടി. മുമ്പിൽ പൊട്ടിയ, ചളുങ്ങിയ ഒരു അലുമിനിയ പാത്രം. അതിൽ ചില നാണയത്തുട്ടുകളും.

‘അമ്മയേക്കാൾ നാലഞ്ചു വയസ്സു മൂപ്പുണ്ടാകും', അയാൾ മനസ്സിൽ പറഞ്ഞു. അയാളുടെ മനസ്സിൽ ഒരു വെള്ളിടി വെട്ടി. കാലിൽ നിന്നു കയറിയ പെരുപ്പ് ദേഹമാകെ വ്യാപിച്ചു. തണുത്ത പ്രഭാതത്തിലും അയാൾ വിയർക്കാൻ തുടങ്ങി.

ചുറ്റുപാടും നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ അവർ കീർത്തനവും ചൊല്ലി മാല കെട്ടിക്കൊണ്ടിരുന്നു, തുളസിക്കതിർ ഇല്ലാതെ.

അയാൾ കുറെ സമയം അവരെത്തന്നെ ശ്രദ്ധിച്ചുകൊണ്ട് നിശ്ചലനായി നിന്നു. മനസ്സിൽ കൂടി ഒരായിരം ചിന്തകൾ മിന്നി മറഞ്ഞു.  വിയർപ്പു കണങ്ങൾ ഉരുണ്ടുകൂടി വസ്ത്രങ്ങൾ നനഞ്ഞു തുടങ്ങി.

അയാൾ സാവധാനം അവരെ സമീപിച്ചു. "അമ്മയുടെ പേരെന്താ?"

അവർ കേട്ടില്ലെന്നു തോന്നി.

"അമ്മേ, അമ്മയുടെ പേരെന്താ?"

അവർ തലയുയർത്തി അയാളെ നോക്കി. പല്ലുകളില്ലാത്ത മോണ കാട്ടി ഒന്ന് പുഞ്ചിരിച്ചു. ചിരിയുടെ പിറകിൽ ദുഃഖത്തിൻറെ ഒരു മഹാസമുദ്രം ഇരമ്പുന്നതായി അയാൾക്കു തോന്നി.

"കുറൂരമ്മ"

"ങേ, കുറൂരമ്മയോ?"

"ഉം. മക്കളില്ലാതെ, ഉണ്ണിക്കണ്ണനെ മകനായി കരുതുന്നവർ കുറൂരമ്മമാരല്ലേ?" അവർ തല തിരിച്ചു ക്ഷേത്രത്തിലേക്കു നോക്കി.

"അമ്മക്കു മക്കൾ ആരുമില്ലേ?"

"ഉണ്ടായിരുന്നു."

"പിന്നെന്തേ, മരിച്ചുപോയോ?"

"ഒരു മകനുണ്ട്. അവനെ സംബന്ധിച്ചിടത്തോളം ഞാൻ മരിച്ചതിനു തുല്യം. അപ്പോൾ അവനെ മകനെന്നു പറയാൻ എനിക്ക് അവകാശമില്ലല്ലോ."

"ഇവിടെ?"

"ങാ, ഇവിടിങ്ങനെ കഴിയുന്നു. കിട്ടുന്ന പൂക്കൾ കൊണ്ട് മാല കെട്ടി ഉണ്ണിക്കണ്ണനു സമർപ്പിക്കും. അന്നദാനമുണ്ടല്ലോ, അതുകൊണ്ട് പട്ടിണിയില്ല. പിന്നെ, ആരെങ്കിലും എന്തെങ്കിലുമൊക്കെ പിച്ചച്ചട്ടിയിൽ ഇടും. അതു ധാരാളം, വൃദ്ധക്കു ജീവിക്കാൻ."

"അമ്മയുടെ മകൻ എവിടെ?"

"അറിയില്ല. നാലഞ്ചു വർഷങ്ങൾക്കു മുമ്പ് ഒരു ദിവസം ഞങ്ങൾ തൊഴാൻ വന്നതാണ്. ഗുരുവായൂരപ്പനെ ദർശിക്കാനുള്ള വരിയിൽ നിൽക്കുമ്പോൾ അവൻ ഒരു ഫോൺവിളി വന്നുവെന്നു പറഞ്ഞ് വരിയിൽ നിന്ന് മാറി. പിന്നെ അവനെ കണ്ടിട്ടില്ല."

"അന്വേഷിച്ചില്ലേ?"

"ആരോട്? ആദ്യം പരിഭ്രമിച്ച് എല്ലായിടത്തും ഓടി നടന്നു. കണ്ടില്ല. തൊഴാൻ കയറിയിട്ടുണ്ടാകുമെന്നു കരുതി കാത്തു നിന്നു, നടയടക്കുന്നതു വരെ. പിന്നെ കാറ് ഇട്ടിരുന്നിടത്തു പോയി നോക്കി. അവിടെ കാറുണ്ടായിരുന്നില്ല. "

അയാൾക്കു ശബ് ദം പുറത്തു വന്നില്ല. തൊണ്ട വരളുന്നതുപോലെ തോന്നി.

"ങാ, പിന്നെ ഒരു സമാധാനമുണ്ട്. ഉണ്ണിക്കണ്ണൻറെ അടുക്കലാണല്ലോ ഉപേക്ഷിച്ചത്. ചിലരൊക്കെ അമ്മമാരെ തൊഴുത്തിലും പട്ടിക്കൂട്ടിലും, എന്തിന്, കക്കൂസിലും വരെ പാർപ്പിക്കുന്നു. അങ്ങനെയൊന്നും അവൻ ചെയ്തില്ലല്ലോ", മാതൃഹൃദയം അപ്പോഴും മകനെ ന്യായീകരിച്ചു.

അയാൾക്കു ദേഹം തളരുന്നതുപോലെ തോന്നി. അവിടെ, മണ്ണിൽ, ചെളിയിൽ, അയാൾ തളർന്നു കിടന്നു. അവർ കീറിയ സാരിത്തലപ്പു കൊണ്ട് അയാൾക്കു സാവധാനം വീശിക്കൊടുത്തു.

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അയാളുടെ അമ്മ തൊഴുതിട്ടു പുറത്തിറങ്ങി. അയാളുടെ കിടപ്പു കണ്ട് അവർ പരിഭമിച്ച് ഓടി വന്നു. അവർ അടുത്തെത്തിയപ്പോൾ അയാൾ എഴുന്നേറ്റിരുന്നു.

"മോനെന്തു പറ്റി?"

", ഒന്നുമില്ല. അമ്മയുടെ കഥ കേട്ടപ്പോൾ വിഷമം തോന്നി."

അയാൾ കഥകളെല്ലാം പറഞ്ഞിട്ടു ചോദിച്ചു, “അമ്മേ, അമ്മയെക്കൂടി നമുക്കു വീട്ടിലേക്കു കൊണ്ടുപോയാലോ? നമുക്കു നോക്കാം ഇവരെ. എനിക്കൊരു വല്ല്യമ്മയായി, അമ്മക്കൊരു ചേച്ചിയുമായി."

"വരൂ ചേച്ചി, നമുക്കു പോകാം."

അവർ നിറകണ്ണുകളോടെ വടിയും കുത്തി കാറിനടുത്തേക്കു നടന്നു.

വീട്ടിൽ എത്താറായപ്പോൾ അമ്മ ചോദിച്ചു, "മോനേ, ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ?"

"എന്താ അമ്മേ?"

"ഫോൺവിളി വന്നുവെന്നു പറഞ്ഞല്ലേ നീയെന്നെ വരിയിൽ നിർത്തിയിട്ടു പോയത്? ശരിക്കും ഫോൺവിളി വന്നിരുന്നോ?