05-06-2022
എന്തേ ഉമ്മറത്ത് ഒരു ബഹളം?
05-06-2022
എന്തേ ഉമ്മറത്ത് ഒരു ബഹളം?
07-06-22
പുലർകാലമോഹം - ഒരു പട്ടിയെ വളർത്തണം.
പറഞ്ഞാൽ സമ്മതിക്കില്ല.
മുള്ളിനേയും ഇലയേയും കൂട്ടി മുട്ടിക്കണം, ദോഷം വരാതെ.
എന്താ ഒരു വഴി?
വർഷങ്ങളായി പ്രമേഹമുണ്ട്. പതിവായി നടക്കണം.
അതു മുടക്കി.
"ഇന്നെന്തേ നടക്കാൻ പോകുന്നില്ലേ?"
"ഇല്ല, കാലിനൊരു വേദന."
പിറ്റേന്നും കാലിനു വേദന, അതിൻറെ പിറ്റേന്നും.
വാമഭാഗത്തിനു രോഗം മനസ്സിലായി, മടിയാണ്.
എന്താ ഒരു വഴി?
ഒരു പട്ടിക്കുഞ്ഞിനെ വാങ്ങി.
"ദേ, ഇതിനെ പതിവായി നടത്താൻ കൊണ്ടുപോണം. അത് ങ്ങടെ ജോലിയാ, മടി പറയണ്ട."
"ങേ, ഞാനോ?" അമ്പരപ്പു പ്രകടിപ്പിച്ചു.
"ങാ, ങ്ങളു തന്നെ."
"ഓ, ന്നാപ്പിന്നെ അങ്ങനെയാട്ടെ." സമ്മതിച്ചു.
എനിക്കു സന്തോഷം, പട്ടിയെ കിട്ടി.
അവൾക്കു സന്തോഷം, ഞാൻ പതിവായി നടക്കാൻ പോകുന്നു!
ശുഭം.
[എല്ലാ ജോലിക്കാർക്കും വേണ്ടി സമർപ്പിക്കുന്നു]
നാലു മണി. ചായയ്‌ക്കു സമയമായി.
അയാൾ എഴുന്നേറ്റു. ഫോൺ മണിയടിച്ചു. പരിചയമില്ലാത്ത നമ്പർ. ഏതെങ്കിലും കോൾ സെന്ററിൽ
നിന്നാകാം. "കാർ ലോൺ? വീടു ലോൺ? ക്രെഡിറ്റ് കാർഡ്? ..."
"ഹലോ"
"ഹലോ, മോനേ ഇത് ഓ.പി.
ശർമ്മയാണ്, നിങ്ങളുടെ അയൽക്കാരൻ."
ശർമ്മാജി! കണ്ടിട്ടുണ്ട്.
ചിലപ്പോൾ ഒരു പുഞ്ചിരി, അപൂർവ്വമായി ഒരു "സുപ്രഭാത ആശംസകൾ". അത്രയേയുള്ളൂ.
തിരക്കു പിടിച്ച നഗരജീവിതത്തിൽ അതങ്ങനെയാണല്ലോ. തൊട്ടടുത്ത വീട്ടിലുള്ളവരെപ്പോലും അറിയില്ല.
പക്ഷേ അദ്ദേഹം ഇപ്പോൾ എന്തിനാണ് വിളിക്കുന്നത്?
"എന്താ ശർമ്മാജി,
എന്തു പറ്റി?"
"മോനൊന്നു വേഗം വരൂ."
"എന്തു പറ്റി, ശർമ്മാജി?"
"മോനേ, നിൻറെ അമ്മക്കു
നല്ല സുഖമില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്."
നെഞ്ചിൽ ഒരാളൽ! ഈശ്വരാ!
എന്തു പറ്റിയോ ആവോ. അമ്മയ്ക്കു പറയത്തക്ക അസുഖങ്ങളൊമൊന്നുമില്ല. രാവിലെ പോരുമ്പോഴും
പൂർണ്ണ ആരോഗ്യവതിയായിരുന്നു.
"ശർമ്മാജി, എന്തു
പറ്റിയെന്നു പറയൂ. അമ്മക്കെന്തു സംഭവിച്ചു?"
"ഞങ്ങൾ വയസ്സായവരെല്ലാവരും
കൂടി ഉച്ച കഴിഞ്ഞു പാർക്കിലിരുന്നു വെയിൽ കൊള്ളാറുണ്ടെന്നു നിനക്കറിയാമല്ലോ"
അറിയാം. ഇതവരുടെ തണുപ്പുകാലത്തെ
പതിവാണ്. സൊസൈറ്റിയിലെ പെൻഷൻ പറ്റിയ, വയസ്സായ ആൾക്കാരെല്ലാവരും കൂടി ചെറു സംഘങ്ങളായി
പാർക്കിലിരുന്നു വെയിൽ കാഞ്ഞും സൊറ പറഞ്ഞും ചീട്ടു കളിച്ചും കുറെ സമയം ഉത്സാഹപൂർവ്വം
ചെലവഴിക്കും.
"ഞങ്ങൾ സംസാരിച്ചിരിക്കുമ്പോഴാണ് നിൻറെ
വീട്ടിൽ നിന്നു പാത്രങ്ങൾ താഴെ വീഴുന്ന ശബ്ധം കേട്ടത്. എൻറെ ഭാര്യ ഓടിപ്പോയി നിൻറെ
അമ്മയെ വിളിച്ചു. മറുപടിയൊന്നും കിട്ടാത്തതുകൊണ്ട് അകത്തു കയറി നോക്കി. അമ്മ അടുക്കളയിൽ
ബോധമില്ലാതെ വീണു കിടക്കുകയായിരുന്നു. ഞങ്ങളാൽ ആവും വിധമൊക്കെ നോക്കിയിട്ടും ബോധം വീഴാത്തപ്പോൾ
പെട്ടെന്ന് തന്നെ ആശുപത്രിയിലേക്കു കൊണ്ടുപോന്നു."
"ഈശ്വരാ! ഏതാശുപത്രിയിലാണ്?"
"ഫാസ്റ്റ് ക്യൂർ ആശുപത്രിയിൽ.
വേഗം വരൂ."
"ശരി, ശർമ്മാജി, ദാ
ഇപ്പോൾ എത്താം."
അയാൾ ഭാര്യ മോളുവിനെ വിളിച്ചു
കാര്യം പറഞ്ഞു, ഉടനെ ആശുപത്രിയിലേക്കു വരാനും.
വേണ്ടാത്ത ചിന്തകൾ മാത്രം
മനസ്സിൽ. ഹൃദയത്തിന് എന്തെങ്കിലും പ്രശ്നം? സ്ട്രോക്ക്? അതോ ഒരു വീഴ്ചയോ? അമ്മയ്ക്ക്
ഹൃദയത്തിന് ഒരു പ്രശ്നവും ഇതുവരെ ഉണ്ടായിട്ടില്ല. ഈശ്വരാ! അയാൾ പ്രാർത്ഥിച്ചു ... വീണ്ടും
വീണ്ടും പ്രാർത്ഥിച്ചു, "അമ്മയ്‌ക്കൊന്നും വരുത്തല്ലേ!"
***********
ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ.
"ശർമ്മാജി, എന്താണ്
യഥാർത്ഥത്തിൽ സംഭവിച്ചത്? ഡോക്ടർ എന്തു പറഞ്ഞു?"
അപ്പോഴാണ് ഡോക്ടർ പുറത്തു
വന്നത്.
"പേടിക്കാനൊന്നുമില്ല.
കുഴപ്പമൊന്നുമില്ല. വീണപ്പോഴുണ്ടായ ഒരു ചെറിയ മുറിവുണ്ടു തലയിൽ. അത് കഴുകിക്കെട്ടി.
ഇപ്പോൾ ബോധം തിരിച്ചു കിട്ടിയിട്ടുണ്ട്. നിങ്ങൾക്കു പോയി കാണാം."
അയാൾ പോകാൻ തുടങ്ങിയതും പിന്നിൽ നിന്നു മോളുവിൻറെ ചോദ്യം മുഴങ്ങി, "അമ്മയ്ക്കെന്തു പറ്റി?"
അവൾ അപ്പോൾ പരിഭ്രമിച്ച്
ഓടിക്കിതച്ചു വരുന്നതേയുണ്ടായിരുന്നുള്ളു.
"അമ്മയ്ക്കു കുഴപ്പമൊന്നുമില്ല.
വരൂ നമുക്കു പോയി കാണാം."
***********
"അമ്മേ ... അമ്മേ
..."
അമ്മ സാവധാനം കണ്ണുകൾ തുറന്നു
പുഞ്ചിരിച്ചു. ക്ഷീണിച്ച ചിരി.
"അമ്മേ എന്താണു പറ്റിയത്?
അമ്മയ്ക്കെന്തു സംഭവിച്ചു?
അമ്മ രണ്ടുപേരേയും മാറി
മാറി നോക്കി. പിന്നെ ക്ഷീണിച്ച സ്വരത്തിൽ പറഞ്ഞു, "എനിക്കു ശരിക്കറിയില്ല. പാത്രം
കഴുകിക്കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ഒരു തല ചുറ്റൽ വന്നു വീണു."
പത്തു മിനിട്ടിനു ശേഷം.
"മോനേ, നീ കാന്റീനിൽ
പോയി അമ്മയ്ക്കൊരു കപ്പു ചായ വാങ്ങിച്ചുകൊണ്ടുവരാമോ?"
"ശരി, അമ്മേ. ദാ ഇപ്പോൾ
കൊണ്ടുവരാം."
അയാൾ മുറിയിൽ നിന്നു പോയി.
"മോളൂ ..."
"എന്താ അമ്മേ?"
"ഞാൻ അവനോടും മറ്റുള്ളവരോടും
പറഞ്ഞത് തല ചുറ്റി ബോധം മറഞ്ഞു എന്നാണ്."
"അതെ. അതാണല്ലോ അമ്മ
അൽപ്പം മുമ്പും പറഞ്ഞത്."
"ശരിയാണ്. എങ്കിലും
എനിക്കു ബോധക്കേടു വരാനുള്ള ശരിയായ കാരണം നീ അറിയണം."
"അതെന്താണു ശരിയായ
കാരണം?" മോളു ആകെ ചിന്താക്കുഴപ്പത്തിലായി.
"അതേ ..." ചുറ്റും
നോക്കി അടുത്തെങ്ങും ആരുമില്ലെന്നുറപ്പു വരുത്തി.
"ഇന്നു ബുധനാഴ്ചയാണല്ലോ.
പണിക്കാരി വന്നിരുന്നില്ല."
"അതു ശരിയാണ്. ഒന്നിടവിട്ട
ബുധനാഴ്ചകളിൽ അവൾ വരാറില്ല."
"അതെ. അതുകൊണ്ട് ഞാൻ
പാത്രങ്ങൾ കഴുകി വച്ചേക്കാമെന്നു വിചാരിച്ചു. നീ നിൻറെ ചോറ്റുപാത്രം ഇന്നലെ സിങ്കിൽ
ഇട്ടിരുന്നില്ലേ അടപ്പു തുറക്കാതെ?"
"ഉം. അതാണല്ലോ ഞാൻ
എന്നും ചെയ്യാറ്."
ഇനിയും പറയാനുള്ള ശക്തി
സംഭരിക്കാനെന്നോണം അമ്മ ഒന്നു രണ്ടു നിമിഷം നിശ്ശബ്ധത പാലിച്ചു.
അവർ മോളുവിൻറെ കണ്ണുകളിൽ
നോക്കി ഒരു ദീർഘനിശ്വാസം ഉതിർത്തിട്ടു സാവധാനം പറഞ്ഞു, "ഞാൻ ആ പാത്രം തുറന്നപ്പോൾ
ഒരു നിമിഷാർത്ഥം കൊണ്ട് അതിലെ അസഹനീയമായ ദുർഗ്ഗന്ധം എന്നെ ഏറ്റവും വൃത്തികെട്ട മലിനജല
ഓടയിലേയ്ക്ക് എടുത്തെറിഞ്ഞു, എൻറെ ബോധവും പോയി. ... ഇത്രയും ചൂടുള്ള സമയത്ത് വായു പോലും
കേറാതെ രണ്ടു ദിവസത്തോളം അടച്ചു വച്ചിരുന്ന ചോറ്റുപാത്രം ... അതാണു സംഭവിച്ചത്."
മോളു ഒരക്ഷരം മിണ്ടിയില്ല.
അടിയുടെ ശക്തി അത്ര നിസ്സാരമായിരുന്നില്ല. അവൾ താഴെ നോക്കിയിരിക്കുകയായിരുന്നു. അവൾക്ക്
അമ്മയുടെ മുഖത്തു നോക്കാൻ ധൈര്യം ഇല്ലായിരുന്നു. അമ്മ ജോലിക്കു പോയിരുന്നപ്പോൾ ഉച്ചഭക്ഷണത്തിനു
ശേഷം പാത്രം കഴുകാറുണ്ടായിരുന്നെന്നു പറഞ്ഞത് അവൾ ഓർത്തു. ഒരിക്കൽ അവർ പറഞ്ഞിരുന്നു,
"നിനക്കതു ശരിയായി കഴുകാൻ സാധിക്കില്ലെങ്കിൽ പാത്രത്തിൽ കുറെ വെള്ളം ഒഴിക്കുകയെങ്കിലും
ചെയ്യൂ. കുറെയെങ്കിലും വൃത്തിയാകുമല്ലോ. അതും പറ്റുന്നില്ലെങ്കിൽ ചുരുങ്ങിയത് സിങ്കിൽ
വയ്ക്കുമ്പോൾ അതിൻറെ അടപ്പു മാറ്റിയിട്ടെങ്കിലും വയ്ക്കൂ. എങ്കിൽ പിറ്റേന്ന് പണിക്കാരി
തേയ്ക്കാൻ തുറക്കുമ്പോൾ വലിയ ദുർഗന്ധം വരാതിരിക്കുമല്ലോ."
ഒന്നു രണ്ടു ദിവസം അമ്മ
പറഞ്ഞപോലെയൊക്കെ ചെയ്തു. പക്ഷേ പിന്നീട് വീണ്ടും പഴയതുപോലെയായി. പഠിച്ചതല്ലേ പാടൂ!
അമ്മ പിന്നെ ഒന്നും പറഞ്ഞുമില്ല.
ഇപ്പോൾ ദാ ഇങ്ങനെയും.
...
മോളു തകർന്നുപോയി. അവൾ
സാവധാനം എഴുന്നേറ്റു. അമ്മയുടെ കാൽ ഭാഗത്തെത്തി, മുട്ടുകുത്തി നിന്നു. അമ്മയുടെ പാദങ്ങൾ
രണ്ടും മുറുക്കെപ്പിടിച്ചു. അവൾ ഏങ്ങിയേങ്ങി
കരഞ്ഞു.
"എന്നോടു ക്ഷമിക്കൂ,
അമ്മേ. ഞാനാണ് ഇതിനു കാരണക്കാരി. എന്നോടു ക്ഷമിക്കൂ. ഇനി ഒരിക്കലും ഇതാവർത്തിക്കില്ല.
തീർച്ച." അവൾക്കു കണ്ണുനീർ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
"മോളൂ, വരൂ, ദാ ഇവിടെ,
എൻറെയടുത്തിരിക്കൂ."
********
"കണ്ണു തുടയ്ക്കൂ.
മണ്ടിപ്പെണ്ണ്. നീ അത് മനപ്പൂർവ്വം ചെയ്തതല്ലെന്നെനിക്കറിയാം. മറന്നുപോയി, അത്രേയുള്ളൂ.
ചെയ്തതു തെറ്റാണെന്നു മനസ്സിലാക്കിയല്ലോ. അതു മതി."
മോളു കണ്ണുകൾ തുടച്ചു.
ഒന്ന് ചിരിക്കാൻ ശ്രമിച്ചു, അതും വികൃതമായിപ്പോയി.
അമ്മ മോളുവിൻറെ കൈകൾ തൻറെ
കൈകളിലെടുത്ത് സാവധാനം തലോടി.
"മോളൂ, നീയെനിക്കുവേണ്ടി
ഒരു കാര്യം ചെയ്യുമോ?"
"തീർച്ചയായും, അമ്മേ.
പറയൂ." തൻറെ അശ്രദ്ധ മൂലമുണ്ടായ ഈ ദുരന്തത്തിനു പകരമായി എന്തു ചെയ്യാനും അവൾ തയ്യാറായിരുന്നു.
"നിൻറെ കൂട്ടുകാരികളോടും
സഹപ്രവർത്തകരോടും പറയണം ഇനി മുതൽ ആഹാരം കഴിച്ച പാത്രം കഴുകാതെ അടച്ച് സിങ്കിൽ വയ്ക്കരുതെന്ന്.
ഇനി മറ്റൊരമ്മയും ഞാനനുഭവിച്ചതുപോലെ അനുഭവിക്കാതിരിക്കട്ടെ."
ഒരു നിമിഷത്തെ നിശ്ശബ്ധത.
അവർ പരസ്പരം നോക്കി. പിന്നെ
പൊട്ടിച്ചിരിച്ചു. ഹൃദയത്തിൽ തട്ടിയ ചിരി.
അല്പസമയത്തിനു ശേഷം മോളു
ഗൗരവമായി പറഞ്ഞു, "ശരിയാണ് അമ്മേ, ഞാൻ ഈ സന്ദേശം എൻറെ എല്ലാ സുഹൃത്തുക്കൾക്കും
കൊടുക്കും: ദയവായി നിങ്ങൾ മുറുക്കി അടച്ച ചോറ്റു പാത്രങ്ങൾ സിങ്കിൽ ഇടരുത്. പറ്റുമെങ്കിൽ
ഉച്ചഭക്ഷണം കഴിഞ്ഞ് കൈയും വായും കഴുകുമ്പോൾ ആഹാരം കഴിച്ച പ്ളേറ്റുകളും പാത്രങ്ങളും
കൂടി കഴുകണം."
പുറത്തു കാൽപ്പെരുമാറ്റം
... അവ അടുത്തടുത്തു വന്നു.
അമ്മ അവളോടു പറഞ്ഞു,
"അവനോടു പറയണ്ട."
ട്രിങ് ... ട്രിങ് ...
സുഭദ്ര ഫോൺ എടുത്തു.
"ന്താ ഏട്ടാ?"
"ടീ, പാർത്ഥൻ എവിടെ? അവൻറെ ഫോണെന്താ ഓഫ് ചെയ്തു വച്ചിരിക്കുന്നെ?"
"ൻറെ ഏട്ടാ, ഒന്നും പറയണ്ട. രണ്ടീസായി അങ്ങന്യാ. ഒരു മിണ്ടാട്ടോല്യ. ചോദിച്ചാൽ മൂക്കത്താ ദേഷ്യം. ഫ്ലാറ്റിനു വെളിയിലെറങ്ങീട്ടു രണ്ടീസായി."
"നീയാ ഫോണൊന്നവനു കൊടുത്തേ, ഞാനൊന്നു ചോദിക്കട്ടെ."
******
"ദാ, ഫോൺ."
"ആരാ?"
"കണ്ണേട്ടൻ. കൂട്ടുകാരനോടു സംസാരിക്കണംന്ന്."
"എനിക്കാരോടും സംസാരിക്കേണ്ട, പ്രത്യേകിച്ചും കണ്ണനോട്."
"മര്യാദക്കു വർത്താനം പറഞ്ഞോ, അല്ലെങ്കിൽ ഏട്ടനിപ്പോ ഇങ്ങെത്തും. പറഞ്ഞില്ലെന്നു വേണ്ട."
"അതെന്തായാലും വേണ്ട. ങ്ങ് താ".
******
"എന്താടാ പാർത്ഥായിത്? രണ്ടീസായി നീ ഇങ്ങോട്ടു വരുന്നുമില്ല, വിളിക്കുന്നൂല്ല. ഫോണാണെങ്കിൽ ഓഫും. നെനക്കെന്താ പറ്റീത്?"
... ... ...
"ടാ, എന്തെങ്കിലുമൊന്നു പറയടാ. എന്താണെങ്കിലും പറയ്. നമുക്ക് എല്ലാത്തിനും പരിഹാരം ഉണ്ടാക്കാം. നിൻറെ കണ്ണൻ വിചാരിച്ചാൽ തീരാത്ത പ്രശ്നം എന്താണുള്ളത്?”
"ടാ, അതേയ്, രണ്ടീസം മുമ്പ് ഞാനൊരു സ്വപ്നം കണ്ടു. അതീപ്പിന്നെ എനിക്ക് കറുപ്പിനോട് 'ഭയങ്കര' പേടി”.
"കറുപ്പിനോടു പേടിയോ? നീയെന്തൊക്കെയാണീ പറേണെ? ആട്ടെ, അതിരിക്കട്ടെ, നീയെന്തു സ്വപ്നാ കണ്ടേ?"
"അതേയ്, ഒരു പാത്രക്കച്ചവടക്കാരി. സ്വപ്നത്തിൽ ഉർവ്വശിയോ രംഭയോ മറ്റോ ആണെന്ന് ചിന്തിച്ചു പോയി."
"ന്നിട്ട്?"
"അവള് ദേഹം മുഴോൻ നല്ല പള പളാന്ന് തെളങ്ങണ കറുത്ത ഉടുപ്പുകൊണ്ടു മൂടിപ്പുതച്വേക്കാർന്നു. തലേം കൂടി മൂടിപ്പുതച്ചേർന്നു."
"അപ്പം ഉർവ്വശി, രംഭാന്നൊക്കെ പറഞ്ഞതോ?"
"അത് ... സ്വപ്നല്ലേ, അപ്പം ... ഉടുപ്പിനെടയ്ക്കൂടെ ... കണ്ടു."
"അമ്പട വീരാ, നീയാളു കൊള്ളാല്ലോ. ങാ ആട്ടെ, ന്നിട്ട്?"
"പഴേ പാത്രം കൊടുത്താൽ പുത്യേത് തരൂത്രേ."
"ന്നിട്ട്?"
"ഞാനൊരു പഴേ കിണ്ടി കൊണ്ടോയി കൊടുത്തു. തട്ടുമ്പൊറത്തു കെടന്നേർന്നതാ."
"ന്നിട്ട്?"
... ... ...
"ന്താടാ മിണ്ടാത്തെ? ന്നിട്ടെന്തുണ്ടായി?"
"ഓള് ... ഓള് ... ഓളെന്നെ ... "
"ഓള് നിന്നെ ന്തു ചെയ്തൂന്നാ? ഒന്നു പറഞ്ഞു തൊലക്കെടാ പാർത്ഥാ."
"ഓളെന്നെ പിടിച്ച് ഓൾടെ ഭാണ്ഡത്തിലുണ്ടായിരുന്ന ഒരു കാഞ്ചനപ്പുട്ടുകുടത്തിലിട്ടടച്ചു."
"ന്നിട്ട്?"
"നിക്ക് ശ്വാസം മുട്ടീട്ട് വയ്യാർന്നേ. ഞാങ്കെടന്ന് കൂവി വിളിച്ചു. രക്ഷിക്കണേ, രക്ഷിക്കണേന്ന് പറഞ്ഞ് കരഞ്ഞു. ൻറെ കണ്ണാന്നും കൂടി വിളിച്ചു."
"ന്നിട്ട്?"
"ന്നിട്ടെന്താ, സുഭ ന്നെ വിളിച്ചുണർത്തി. ഞാൻ ഒറക്കത്തി പിച്ചും പേയും പറയ്യാർന്നത്രെ!"
"ത്രേള്ളൂ? അയിനാ നീയിങ്ങനെ മുറീക്കേറി അടച്ചിരിക്കണേ? കഷ്ടം, ൻറെ കൂട്ടുകാരനിത്ര തൊട്ടാവാടിയാണെന്നറിഞ്ഞില്ല."
"അതല്ല, കണ്ണാ."
"ഓഹോ, അപ്പം കഴിഞ്ഞില്ലേ? ഇനീന്താ പറയാനുള്ളേ?"
"പ്പം നിക്ക് കറുത്ത നിറം കാണുമ്പം ഒരു പേടിയും വിറയലും കലിയുമൊക്കെയാ. ഇന്നലെ കറുത്ത സാരിയുടുത്തുകൊണ്ടു പോയ ഒരുവൾക്കു നേരെ ഗാണ്ഡീവമെടുത്തു കുലച്ചു. അതു കണ്ടോണ്ട് സുഭ വന്നതോണ്ട് ഒന്നും സംഭവിച്ചില്ല. ല്ലാർന്നെങ്കി ..."
"ങും. അപ്പം അതാണു കാര്യം."
"ങും. നിന്നെ കാണുമ്പം ചെലപ്പം നിക്കു നിയന്ത്രിക്കാൻ പറ്റിയില്ലെങ്കി ഞാൻ വല്ലോക്കെ ചെയ്തുപോകും. അതോണ്ടാ ഞാൻ വരാത്തെ. നെനക്കു നിന്റെയീ നിറമൊന്നു മാറ്റിക്കൂടെ, ന്റെ കണ്ണാ?"
"ഇനി മുതൽ രാത്രി ഉറങ്ങണേനു മുമ്പ് മഹാ വീരാളിയായിരുന്ന അർജ്ജുനന്റെ (അവനു മൂന്നാലു ചങ്കുണ്ടായിരുന്നൂത്രേ!) പത്തു പേരും പത്തു തവണ ഉരുവിടണം, ട്ടോ."
"കണ്ണാ, അത് ..."
"ഇങ്ങോട്ടൊന്നും പറേണ്ട. അങ്ങോട്ടു പറേണ കേട്ടാ മതി. മനസ്സിലായോ?"
"വ്വ്."
"ഉം. ന്നാ പറ, ഞാൻ പറേണ പോലെ പറേണം. അർജ്ജുനൻ, ഫൽഗുനൻ, ജിഷ്ണു, കിരീടി, ശ്വേതവാഹനൻ, ബീഭൽസു, വിജയൻ, പാർത്ഥൻ, സവ്യസാചി, ധനഞ്ജയൻ."
"അർജ്ജുനൻ, ഫൽഗുനൻ, ജിഷ്ണു, കിരീടി, ശ്വേതവാഹനൻ, ബീഭൽസു, വിജയൻ, പാർത്ഥൻ, സവ്യസാചി, ധനഞ്ജയൻ."
"ങാ, കെടക്കാൻ നേരത്ത് ഇതെന്നും ജപിക്കണം, ട്ടോ. മറക്കരുത്. ന്നിട്ടും പേടി പോയില്ലെങ്കി ആലത്തിയൂർ ഹനുമാനെ വിളിച്ചാലും മതി. അതു പിന്നെ പറഞ്ഞു തരാം, ട്ടോ."
"ഓ, ശരി."