2022 ജൂലൈ 11, തിങ്കളാഴ്‌ച

അർജ്ജുനപ്പത്ത്‌

ട്രിങ് ... ട്രിങ് ...

സുഭദ്ര ഫോൺ എടുത്തു.

"ന്താ ഏട്ടാ?"

"ടീ, പാർത്ഥൻ എവിടെ? അവൻറെ ഫോണെന്താ ഓഫ് ചെയ്തു വച്ചിരിക്കുന്നെ?"

"ൻറെ ഏട്ടാ, ഒന്നും പറയണ്ട. രണ്ടീസായി അങ്ങന്യാ. ഒരു മിണ്ടാട്ടോല്യ. ചോദിച്ചാൽ മൂക്കത്താ ദേഷ്യം. ഫ്ലാറ്റിനു വെളിയിലെറങ്ങീട്ടു രണ്ടീസായി."

"നീയാ ഫോണൊന്നവനു കൊടുത്തേ, ഞാനൊന്നു ചോദിക്കട്ടെ."

******

"ദാ, ഫോൺ."

"ആരാ?"

"കണ്ണേട്ടൻ. കൂട്ടുകാരനോടു സംസാരിക്കണംന്ന്."

"എനിക്കാരോടും സംസാരിക്കേണ്ട, പ്രത്യേകിച്ചും കണ്ണനോട്."

"മര്യാദക്കു വർത്താനം പറഞ്ഞോ, അല്ലെങ്കിൽ ഏട്ടനിപ്പോ ഇങ്ങെത്തും. പറഞ്ഞില്ലെന്നു വേണ്ട."

"അതെന്തായാലും വേണ്ട. ങ്ങ് താ".

******

"എന്താടാ പാർത്ഥായിത്? രണ്ടീസായി നീ ഇങ്ങോട്ടു വരുന്നുമില്ല, വിളിക്കുന്നൂല്ല. ഫോണാണെങ്കിൽ ഓഫും. നെനക്കെന്താ പറ്റീത്?"

... ... ...

"ടാ, എന്തെങ്കിലുമൊന്നു പറയടാ. എന്താണെങ്കിലും പറയ്. നമുക്ക് എല്ലാത്തിനും പരിഹാരം ഉണ്ടാക്കാം. നിൻറെ കണ്ണൻ വിചാരിച്ചാൽ തീരാത്ത പ്രശ്നം എന്താണുള്ളത്?”

"ടാ, അതേയ്, രണ്ടീസം മുമ്പ് ഞാനൊരു സ്വപ്നം കണ്ടു. അതീപ്പിന്നെ എനിക്ക് കറുപ്പിനോട് 'ഭയങ്കര' പേടി”.

"കറുപ്പിനോടു പേടിയോ? നീയെന്തൊക്കെയാണീ പറേണെ? ആട്ടെ, അതിരിക്കട്ടെ, നീയെന്തു സ്വപ്നാ കണ്ടേ?"

"അതേയ്, ഒരു പാത്രക്കച്ചവടക്കാരി. സ്വപ്നത്തിൽ ഉർവ്വശിയോ രംഭയോ മറ്റോ ആണെന്ന് ചിന്തിച്ചു പോയി."

"ന്നിട്ട്?"

"അവള് ദേഹം മുഴോൻ നല്ല പള പളാന്ന് തെളങ്ങണ കറുത്ത ഉടുപ്പുകൊണ്ടു മൂടിപ്പുതച്വേക്കാർന്നു. തലേം കൂടി മൂടിപ്പുതച്ചേർന്നു."

"അപ്പം ഉർവ്വശി, രംഭാന്നൊക്കെ പറഞ്ഞതോ?"

"അത് ...  സ്വപ്നല്ലേ, അപ്പം ... ഉടുപ്പിനെടയ്ക്കൂടെ ... കണ്ടു."

"അമ്പട വീരാ, നീയാളു കൊള്ളാല്ലോ. ങാ ആട്ടെ, ന്നിട്ട്?"  

"പഴേ പാത്രം കൊടുത്താൽ പുത്യേത് തരൂത്രേ."

"ന്നിട്ട്?"

"ഞാനൊരു പഴേ കിണ്ടി കൊണ്ടോയി കൊടുത്തു. തട്ടുമ്പൊറത്തു കെടന്നേർന്നതാ."

"ന്നിട്ട്?"

... ... ...

"ന്താടാ മിണ്ടാത്തെ? ന്നിട്ടെന്തുണ്ടായി?"

"ഓള് ... ഓള് ... ഓളെന്നെ ... "

"ഓള് നിന്നെ ന്തു ചെയ്തൂന്നാ? ഒന്നു പറഞ്ഞു തൊലക്കെടാ പാർത്ഥാ."

"ഓളെന്നെ പിടിച്ച് ഓൾടെ ഭാണ്ഡത്തിലുണ്ടായിരുന്ന ഒരു കാഞ്ചനപ്പുട്ടുകുടത്തിലിട്ടടച്ചു."

"ന്നിട്ട്?"

"നിക്ക് ശ്വാസം മുട്ടീട്ട് വയ്യാർന്നേ. ഞാങ്കെടന്ന്  കൂവി വിളിച്ചു. രക്ഷിക്കണേ, രക്ഷിക്കണേന്ന് പറഞ്ഞ് കരഞ്ഞു. ൻറെ കണ്ണാന്നും കൂടി വിളിച്ചു."

"ന്നിട്ട്?"

"ന്നിട്ടെന്താ, സുഭ ന്നെ വിളിച്ചുണർത്തി. ഞാൻ ഒറക്കത്തി പിച്ചും പേയും പറയ്യാർന്നത്രെ!"

"ത്രേള്ളൂ? അയിനാ നീയിങ്ങനെ മുറീക്കേറി അടച്ചിരിക്കണേ? കഷ്ടം, ൻറെ കൂട്ടുകാരനിത്ര തൊട്ടാവാടിയാണെന്നറിഞ്ഞില്ല." 

"അതല്ല, കണ്ണാ."

"ഓഹോ, അപ്പം കഴിഞ്ഞില്ലേ? ഇനീന്താ പറയാനുള്ളേ?"

"പ്പം നിക്ക് കറുത്ത നിറം കാണുമ്പം ഒരു പേടിയും വിറയലും കലിയുമൊക്കെയാ. ഇന്നലെ കറുത്ത സാരിയുടുത്തുകൊണ്ടു പോയ ഒരുവൾക്കു നേരെ ഗാണ്ഡീവമെടുത്തു കുലച്ചു. അതു കണ്ടോണ്ട് സുഭ വന്നതോണ്ട് ഒന്നും സംഭവിച്ചില്ല. ല്ലാർന്നെങ്കി ..."

"ങും. അപ്പം അതാണു കാര്യം."

"ങും. നിന്നെ കാണുമ്പം ചെലപ്പം നിക്കു നിയന്ത്രിക്കാൻ പറ്റിയില്ലെങ്കി ഞാൻ വല്ലോക്കെ ചെയ്തുപോകും. അതോണ്ടാ ഞാൻ വരാത്തെ. നെനക്കു നിന്റെയീ നിറമൊന്നു മാറ്റിക്കൂടെ, ന്റെ കണ്ണാ?"

"ഇനി മുതൽ രാത്രി ഉറങ്ങണേനു മുമ്പ് മഹാ വീരാളിയായിരുന്ന അർജ്ജുനന്റെ (അവനു മൂന്നാലു ചങ്കുണ്ടായിരുന്നൂത്രേ!)  പത്തു പേരും പത്തു തവണ ഉരുവിടണം, ട്ടോ."

"കണ്ണാ, അത് ..."

"ഇങ്ങോട്ടൊന്നും പറേണ്ട. അങ്ങോട്ടു പറേണ കേട്ടാ മതി. മനസ്സിലായോ?"

"വ്വ്."

"ഉം. ന്നാ പറ, ഞാൻ പറേണ പോലെ പറേണം. അർജ്ജുനൻ, ഫൽഗുനൻ, ജിഷ്ണു, കിരീടി, ശ്വേതവാഹനൻ, ബീഭൽസു, വിജയൻ, പാർത്ഥൻ, സവ്യസാചി, ധനഞ്ജയൻ."  

"അർജ്ജുനൻ, ഫൽഗുനൻ, ജിഷ്ണു, കിരീടി, ശ്വേതവാഹനൻ, ബീഭൽസു, വിജയൻ, പാർത്ഥൻ, സവ്യസാചി, ധനഞ്ജയൻ."

"ങാ, കെടക്കാൻ നേരത്ത് ഇതെന്നും ജപിക്കണം, ട്ടോ. മറക്കരുത്. ന്നിട്ടും പേടി പോയില്ലെങ്കി ആലത്തിയൂർ ഹനുമാനെ വിളിച്ചാലും മതി. അതു പിന്നെ പറഞ്ഞു തരാം, ട്ടോ."

", ശരി."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ