05-06-2022
എന്തേ ഉമ്മറത്ത് ഒരു ബഹളം?
ഓ, പേരക്കുട്ടികളാണ്, തൊടിയിൽ.
ഒരു കുഴി, അതിലൊരു ചെടി.
ഫോട്ടോ എടുക്കലും സെൽഫി എടുക്കലും, ബഹളം തന്നെ. എവിടെയൊക്കെയോ ഇടാനാണത്രേ. ഫേസ്ബുക്കെന്നോ ഇൻസ്റ്റാഗ്രാമെന്നോ ഒക്കെ പറേണു.
ഇന്ന് ലോക പരിസ്ഥിതിദിനമാണത്രേ! ചെടി നടണമത്രേ! എന്നിട്ട് ഫോട്ടോ എടുത്ത് ലോകം മുഴുവൻ കാണിക്കണമത്രേ!
കുട്ടികൾ പോയിക്കഴിഞ്ഞപ്പോൾ ഒരു ചിരി കേട്ടു തിരിഞ്ഞുനോക്കി.
ദേവു.
“എന്നെ മറന്നോ കൂട്ടുകാരീ?”
“നിന്നെ മറക്കാനോ, എന്താ നീയീ പറയണേ ദേവൂ? അതീ ജന്മത്തിലെനിക്കു കഴിയുമെന്നു തോന്ന്ണുണ്ടോ? ഇന്നോ ഇന്നലെയോ തുടങ്ങിയ ബന്ധമല്ലല്ലോ നമ്മളുടേത്. നിന്നെ മറക്കുന്നതിനു മുമ്പു ഞാൻ പോകും.”
മൂന്നിലോ നാലിലോ പഠിക്കുമ്പോൾ അച്ഛൻ ഒരു ദിവസം നല്ല സ്വാദുള്ള കുറെ മാമ്പഴം കൊണ്ടുവന്നു. മാമ്പഴം തിന്നതിനുശേഷം ഒരു വിത്ത് കുഴിച്ചിട്ടു, വെറുതെ ഒരു
രസത്തിന്. ഏതാനും ദിവസം കഴിഞ്ഞപ്പോൾ ഭൂമി പിളർന്നുകൊണ്ട് ഒരു ചെറിയ നാമ്പു പൊട്ടി മുളച്ചു. അന്ന് ശരിക്കും സ്വർഗ്ഗം കണ്ടെന്നു പറയാം. ഇപ്പോൾ ഓർക്കുമ്പോൾ ചിരി വരുന്നു. എത്ര ബാലിശമായിരുന്നു അന്നത്തെ തുള്ളിച്ചാട്ടം!
പിന്നീട് ഓരോ ദിവസവും രാവിലെ എഴുന്നേറ്റാൽ ആദ്യം ഓടുന്നത് ആ ചെടിയുടെ അടുത്തേക്കായിരുന്നു. സ്കൂളിൽ നിന്നു വന്നാലും അങ്ങനെ തന്നെ. ഓരോ ദിവസവും ആ ചെടി വളരുന്നത് ആഹ്ളാദത്തോടും അത്ഭുതത്തോടും കൗതുകത്തോടും കൂടി നോക്കി നിന്നു.
അവൾ ആ തൈയ്ക്ക് ഒരു പേരിട്ടു - ദേവു. അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരിയായിത്തീർന്നു അവൾ. അല്പം കൂടി വളർന്നപ്പോഴേക്കും ദേവു അവളുടെ ദൈനംദിന ജീവിതത്തിൻറെ ഒരു ഭാഗമായി മാറി. അവളോടു സല്ലപിച്ചിരിക്കുന്നത് ഒരു ആവേശം പോലെയായിരുന്നു. അവളുമായി പങ്കു വയ്ക്കാത്ത രഹസ്യങ്ങൾ ഇല്ല.
പഠിക്കാൻ വേണ്ടി അടുത്ത പട്ടണത്തിലേക്കു പോയപ്പോൾ അവൾ അമ്മയോട് പ്രത്യേകം പറഞ്ഞ് ഏർപ്പാടാക്കിയിട്ടാണു പോയത്, ദേവൂനെ നല്ലവണ്ണം നോക്കണമെന്ന്. അവധിക്കു വരുമ്പോഴെല്ലാം അവൾ ആദ്യം ഓടുന്നത് ദേവുവിൻറെ അടുത്തേക്കായിരുന്നു. ദേവു പെട്ടെന്നു വളർന്നു. ശിഖരങ്ങൾ അവൾക്കെത്തിപ്പിടിക്കാൻ പറ്റാത്തത്ര ഉയരത്തിലായി.
വിവാഹം കഴിഞ്ഞ് ഭർത്താവിൻറെ കൂടെ അദ്ദേഹത്തിൻറെ ജോലിസ്ഥലത്തേക്കു പോയതോടെ ദേവു അവളുടെ ഓർമ്മയിൽ നിന്നു സാവധാനം മാഞ്ഞുതുടങ്ങി. കുട്ടികൾ കൂടി ഉണ്ടായതോടെ ഒന്നിനും സമയം തികയാതായി. കുട്ടികളുടെ പഠനം, ജോലി, വിവാഹം, അങ്ങനെ ജീവിതത്തിൻറെ നീർച്ചുഴിയിൽപ്പെട്ടു വട്ടം തിരിഞ്ഞപ്പോൾ എവിടെ ദേവുവിനെ ഓർക്കാൻ സമയം?
കുട്ടികൾക്കു ജോലിയായി, വിവാഹം കഴിഞ്ഞു. ഭർത്താവ് പെൻഷൻ പറ്റിയതോടെ നാട്ടിൽ തിരിച്ചു പോരാനുള്ള ആലോചനയായി. അച്ഛൻ തറവാടും പുരയിടവും തൻറെ പേരിൽ എഴുതി വച്ചിരുന്നു. എങ്കിൽ പിന്നെ അങ്ങോട്ടു തന്നെ പോകാമെന്നു തീരുമാനിച്ചു, തറവാട്ടിൽ താമസിക്കാനും.
ദേവു വീണ്ടും തൻറെ ജീവിതത്തിലേക്കു കടന്നുവന്നു. അല്ലെങ്കിൽത്തന്നെ
ചാരംമൂടിയ കനൽ പോലെ അവൾ എന്നും മനസ്സിലുണ്ടായിരുന്നല്ലോ. ദേവുവിന് ഇപ്പോൾ നോക്കെത്താ ദൂരത്തോളം പൊക്കം വച്ചു. മുമ്പൊക്കെ അവളെ കെട്ടിപ്പിടിച്ചിരുന്നു കഥകൾ പറയാറുണ്ടായിരുന്നു. ഇപ്പോൾ അവളുടെ തടിയുടെ പകുതി പോലും എത്തില്ല.
ഏതാനും വർഷം മുമ്പ് അദ്ദേഹം മരിച്ചപ്പോൾ ദേവുവിൻറെ കിഴക്കോട്ടുള്ള കൊമ്പു വെട്ടി. തന്നോടൊന്നു പറഞ്ഞു പോലുമില്ല. മക്കൾക്ക് അതിൻറെ ആവശ്യം തോന്നിയില്ല, അതിനവരെ കുറ്റം പറയാനുമില്ല. ഞങ്ങൾ തമ്മിലുള്ള ആത്മബന്ധം അവർക്കറിയില്ലല്ലോ. അറിഞ്ഞാലും അവർക്കു മനസ്സിലാവുകയുമില്ല.
വീണ്ടും ഒന്നു കൂടി ദേവൂനെ നോക്കി. ആ തെക്കോട്ടുള്ള കൊമ്പ്, അതായിരിക്കും ഒരു പക്ഷെ തനിക്കുവേണ്ടി മുറിക്കുക.
അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി. “ൻറെ മക്കളോടു നീ ക്ഷമിക്കണേ, ദേവൂ. നിനക്കതിനു കഴിയില്ലേ, നീയും അവരുടെ അമ്മയല്ലേ!”
“എന്താ ഇത്? നീയെന്തിനാ കരയണേ? എനിക്കു നിന്നെ മനസ്സിലായില്ലെങ്കിൽ പിന്നെ ആർക്കാ മനസ്സിലാകുക?
“ഒന്നു ചോദിക്കട്ടെ. നീയെന്നാ ആ വിത്തു കുഴിച്ചിട്ടത്? പരിസ്ഥിതിദിനത്തിലാ?”
കരച്ചിലിനിടയിലും അവൾ ചിരിച്ചുപോയി. "പരിസ്ഥിതിദിനമോ? ഞാനാ വിത്തു കുഴിച്ചിട്ടത് 68 വർഷം മുമ്പാണ്, ഒരു ഓഗസ്റ്റിൽ. പരിസ്ഥിതിദിനം എന്ന ആഘോഷം തുടങ്ങുന്നതിന് എത്രയോ മുമ്പ്! എന്നിട്ടും നീ വളർന്നു, എത്രയോ പേർക്കു താങ്ങും തണലുമായി. എല്ലാ വർഷവും എത്ര ഫലമാണു നീ ഞങ്ങൾക്കു തന്നത്, ഇപ്പോഴും തരുന്നത്! പരിസ്ഥിതിദിനങ്ങളിൽ ഫോട്ടോ എടുക്കാനും മറ്റുള്ളവരെ കാണിക്കാനും വേണ്ടി കുഴിച്ചിടുന്നവയിൽ എത്ര എണ്ണം വളരും? അവരെന്നും ഫോണിലോ പിന്നെ അവർ പറഞ്ഞ ബുക്കിലോ ഗ്രാമിലോ ഒക്കെ ഇന്നത്തെപ്പോലെ തന്നെ കിടക്കും, വർഷങ്ങൾ കഴിഞ്ഞാലും. ഫോട്ടോയിലല്ല കാര്യം, ഒരിറ്റു വെള്ളം, സ്നേഹം, വാത്സല്യം, അതിനൊക്കെയാണ് പ്രാധാന്യം. ഇതൊക്കെ ആരോടു പറയാൻ?"
“എന്തു പറ്റി കൂട്ടുകാരീ, നീ വികാരാധീനയായല്ലോ.”
“നട്ട ചെടി പരിപാലിക്കുന്നതിലെ അശ്രദ്ധയും ഫോട്ടോ എടുക്കാനുള്ള അമിത ഉത്സാഹവും കാണുമ്പോൾ അറിയാതെ പറഞ്ഞു പോകുന്നതാണ്.
“ഞാൻ കുറെ നേരം നിന്നോടൊപ്പം ഇരിക്കട്ടെ.”
അവൾ ദേവുവിൻറെയടുത്തെത്തി അവളെ ആലിംഗനം ചെയ്തു. അവൾക്കു ചുറ്റും അവളെ തൊട്ടുകൊണ്ടു രണ്ടുമൂന്നു വട്ടം പ്രദക്ഷിണം വച്ചു. പിന്നെ സാവധാനം അവളെ ചാരി ഇരുന്നു.
അവളുടെ കണ്ണുകൾ ക്ഷീണം കൊണ്ടോ എന്തോ സാവധാനം അടഞ്ഞു. എവിടെ നിന്നോ വന്ന കാറ്റ് അവളെ തഴുകിയുറക്കി.
ഒരിക്കലും ഉണരാത്ത ഉറക്കം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ